മുംബയ്: ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ ഇപ്പോൾ സജീവമാണ്. അതിനിടെയാണ് മുംബയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം ദർശനത്തിനെത്തുന്ന ഭക്തർക്ക് ഡ്രസ് കോഡ് നടപ്പിലാക്കിയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. സ്ത്രീകൾ മുട്ടിന് മുകളിൽ നിൽക്കുന്ന പാവാട ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ക്ഷേത്രം ഭാരവാഹികൾ പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്ത ആഴ്ച മുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തുമ്പോൾ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികൾ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. മുട്ടിന് മുകളിൽ നിൽക്കുന്ന പാവാടകൾ ധരിച്ച് ക്ഷേത്രത്തിലേക്ക് എത്തരുതെന്നാണ് പ്രധാന നിർദ്ദേശം. ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടതെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഉചിതമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കുന്നു.
മാന്യമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവർ മറ്റ് ഭക്തജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു ഡ്രസ് കോഡ് കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അറിയിച്ചു. ചെറിയ പാവാടകൾ മാത്രമല്ല കീറിയ ഡിസെെനുള്ള വസ്ത്രങ്ങളും ക്ഷേത്രത്തിനുള്ളിൽ ധരിക്കുന്നതിന് നിരോധനമുണ്ട്.
‘ദിവസവും രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ പല ഭക്തരും ഇത്തരം വസ്ത്രം ധരിക്കുന്നതിലൂടെ ക്ഷേത്രത്തോട് അനാദരവ് കാണിക്കുകയാണ്. ആവർത്തിച്ചുള്ള മറ്റ് ഭക്തരുടെ അഭ്യർത്ഥനകൾ സ്വീകരിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഇത്തരമൊരു നിബന്ധന നടപ്പിലാക്കാൻ തീരുമാനിച്ചത്. എല്ലാ ഭക്തരും ക്ഷേത്രപരിസരത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കണം’,- ട്രസ്റ്റ് അറിയിച്ചു.
