കൊൽക്കത്ത: ഇന്ത്യ ഉയർത്തിയ 326 റൺസ് പിൻതുടർന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് തകർന്നടിഞ്ഞതോടെ അജയ്യരായി ടീം ഇന്ത്യ, സെമി ഫൈനലിലെ ഒന്നാംസ്ഥാനമുറപ്പിച്ചു.
ഫോമിലുള്ള ബാറ്റർമാരെ ഒന്നിന് പുറകെ ഒന്നായി മടക്കിയ രവീന്ദ്ര ജഡേജയാണ് കിംഗ് കോലിയുടെ 35-ാം ജന്മദിനം അവിസ്മരണീയമാക്കിയത്.

ഒൻപത് ഓവറിൽ 35 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡേജ സ്വന്തം പേരിലാക്കിയത്. 15 ബോളിൽ 29 റൺസും ജഡേജയുടെ വകയായിരുന്നു. ഏഴ് റൺസ് വഴങ്ങി കുൽദീപ് യാദവും 18 റൺ വഴങ്ങി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സിറാജിനാണ് ഒരു വിക്കറ്റ്.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കത്തിക്കയറിയപ്പോൾ സ്കോർ കുതിച്ച് പാഞ്ഞു. 5.5 ഓവറിൽ രോഹിത് ശർമ്മ 40 (24) പുറത്താകുമ്പോൾ ടീം സ്കോർ 62. ഗിൽ (23) പുറത്തായ ശേഷമെത്തിയ ശ്രയസ് അയ്യരുമൊത്ത് കോലി ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു. അയ്യർ 77 (87) പുറത്തായ ശേഷം സ്കോറിംഗ് മന്ദഗതിയിലായി. പിന്നീടെത്തിയ കെ.എൽ. രാഹുലിന് 8 (17) കാര്യമായൊന്നും ചെയ്യാനായില്ല. തകർപ്പൻ അടികളുമായി കളം നിറഞ്ഞ സൂര്യകുമാർ യാദവ് 22 (14) റിവേഴ്സ് സ്വീപ്പിനിടെ പുറത്തായി. പിന്നീടെത്തിയ ജഡേജയ്ക്കൊപ്പം കോലി നിർണ്ണായക സഖ്യമുണ്ടാക്കി. 46 ഓവറിൽ 285ന് അഞ്ച് എന്ന നിലയിൽ നിന്നുമാണ് 50 ഓവറിൽ 326ന് 5 എന്ന നിലയിൽ ഇരുവരും ചേർന്ന് ടീം ഇന്ത്യയെ എത്തിച്ചത്. ഇതിനിടെ വിരാട് കോലി കരിയറിലെ 49-ാം ഏകദിന സെഞ്ച്വറിയും നേടി, ഏകദിനത്തിൽ കൂടുതൽ സെഞ്ച്വറി എന്ന റെക്കോർഡ് സച്ചിനൊപ്പം പങ്കിട്ടു. കോലി 101 (121), ജഡേജ 29 (15) എന്നിവർ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി മുൻനിര ബൗളർമാരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നിലയുറപ്പിക്കാനേ ആയില്ല. 6, 22, 35, 40, 40 റൺസുകളിൽ ആദ്യ അഞ്ച് വിക്കറ്റുകൾ വീണു. പിന്നീട് 59, 67, 79, 79, 83 റൺസുകളിൽ ബാക്കി വിക്കറ്റുകളും വീണു. 27.1 ഓവറിൽ കളി അവസാനിച്ചു. 14 റൺസ് എടുത്ത ജാൻസണാണ് ടോപ്പ് സ്കോറർ. വിരാട് കോഹ് ലിയാണ് കളിയിലെ താരം.
