തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 35 കോടി രൂപയാണ് ഇതിനായുള്ള സർക്കാരിന്റെ ചെലവ്.
സപ്ലൈകോയുടെ ഓണച്ചന്തകൾ അടുത്ത മാസം 4ന് തുടങ്ങും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. എല്ലാ ജില്ലകളിലും ഓണച്ചന്തകൾ പ്രവർത്തിക്കും. ഇതിനു പുറമേ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നു വീതവും ചന്തകൾ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവർത്തിക്കും. അവസാന 5 ദിവസങ്ങളിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വിൽക്കും.
ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ തുടരുകയാണെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ചന്തകളുടെ നടത്തിപ്പിനായും മറ്റും 500 കോടി രൂപ നൽകണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിനോട് അഭ്യർഥിച്ചെങ്കിലും 100 കോടി മാത്രമാണ് അനുവദിച്ചത്

