തിരുവനന്തപുരം: പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കം നിർദേശങ്ങളുമായി സിപിഐ സംസ്ഥാന നേതൃത്വം
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് തിരുത്തുന്നത്. പ്രവർത്തകർക്ക് മദ്യപിക്കാം, എന്നാല്‍ അമിതമാവരുതെന്നാണ് നിർദേശം. എന്നാല്‍, നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കും വിധം പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്. എന്നാല്‍ പുതിയ തീരുമാനങ്ങള്‍ ഒന്നും പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഐ നേതാക്കള്‍ പ്രതികരിച്ചു.
പെരുമാറ്റ ചട്ടത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദേശീയ നിർവാഹക സമിതി അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. അതേസമയം, പ്രവർത്തകർ സമൂഹത്തിന്‍റെ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും, വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണമെന്നതുള്‍പ്പടെ നിർദേശങ്ങളടങ്ങിയ പെരുമാറ്റ ചട്ടത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രവര്‍ത്തകര്‍ അവരുടെ പെരുമാറ്റത്തിലൂടെ, പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണമെന്നും പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടുന്നു. ലളിതമായ ജീവിതം നയിക്കാനും മറ്റ് പാർട്ടി പ്രവർത്തകർക്ക് മാതൃകയാകാനും പുതിയ മോഡല്‍ കോഡ് കേഡർക്ക് നിർദ്ദേശം നല്‍കി.
ജനപ്രതിനിധികള്‍, എംഎല്‍എമാർ മുതല്‍ തദ്ദേശ സ്ഥാപന അംഗങ്ങള്‍ വരെയുള്ളവർ അഴിമതിയും ആരോപണവുമായി ബന്ധപ്പെട്ട ശുപാർശകളുമായി സർക്കാരിനെ സമീപിക്കരുതെന്നും പുതിയ പെരുമാറ്റ ചട്ടം നിർദേശിക്കുന്നു. പാർട്ടി പ്രവർത്തകരുടെ സമൂഹ്യമാധ്യമ ഇടപെടലുകളിലും ഫണ്ട് പിരിവിലും മാറ്റം നിർദേശിക്കുന്നു. സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സൈബര്‍ ഇടങ്ങളിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥ നേരത്തെ സിപിഐയുമായി ബന്ധപ്പെട്ടില്ലായിരുന്നു. പെരുമാറ്റ ചട്ടം പുതുക്കിയപ്പോഴാണ് ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാർട്ടിയുടെ കാഴ്ചപ്പാടിനും നിലപാടിനും വിരുദ്ധമായും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതരത്തിലും പ്രതികരിക്കരുത്. പാര്‍ട്ടിവിരുദ്ധ പോസ്റ്റ് ഇടുന്നവരെയും മറ്റുളളവര്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ക്കാണ് ശിപാര്‍ശ. പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവരോട് അത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാം. മുന്നറിയിപ്പ് അവഗണിച്ചാല്‍ ഉപരിഘടകവുമായി ആലോചിച്ച് പാര്‍ട്ടി ഘടകത്തിന് നടപടി എടുക്കാം.
പാർട്ടി ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നതിനും പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ബ്രാഞ്ചുകള്‍ക്ക് വ്യക്തികളില്‍ നിന്ന് 1000 രൂപയാണ് പരിധി. ലോക്കല്‍ കമ്മിറ്റികള്‍ക്ക് 5,000 രൂപയും മണ്ഡലം കമ്മിറ്റികള്‍ക്ക് 25,000 രൂപയും വരെ പിരിക്കാം. ജില്ലാ കമ്മിറ്റികള്‍ക്ക് ഒരു ലക്ഷം രൂപയാണ് പരിധി. എന്നാല്‍, സംശയാസ്പദമായ വ്യക്തികളില്‍ നിന്നും മാഫിയ സംഘടനകളില്‍ നിന്നും ഫണ്ട് ശേഖരിക്കരുതെന്ന് ഉറപ്പാക്കണമെന്നും ചട്ടം പറയുന്നു.
എംപിമാരും എംഎല്‍എമാരും പാർലമെന്‍റ്, നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും നടപടികളുടെ സംഗ്രഹം പാർട്ടിയെയും പൊതുജനങ്ങളെയും അറിയിക്കുകയും വേണം. പാർട്ടി പ്രവർത്തകർ വിവാഹത്തിന് സ്ത്രീധനം സ്വീകരിക്കരുത്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു ആചാരങ്ങളുടെയും പരിപാടികളുടെയും ഭാഗമാകാൻ പാടില്ലെന്നും ജാതീയമോ വർഗീയമോ ആയ പ്രവർത്തനങ്ങളെ അനുകൂലിക്കരുതെന്നും ചട്ടത്തില്‍ പറയുന്നു.

