യുവതലമുറയെ കായികമേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരിഉപയോഗത്തില്‍ നിന്ന് അകറ്റണം:മുഖ്യമന്ത്രി

കണ്ണൂർ: യുവതലമുറയെ കായിക മേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരി മരുന്ന് ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക മേഖലക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും.

അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുക. മൂന്ന് ഫുട്‌ബോള്‍ അക്കാദമി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു.

പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും കളിക്കളം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ സവിശേഷമായാണ് കാണുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് മെഡിക്കല്‍ കോളേജിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കേ മലബാറില്‍ നിര്‍മിക്കുന്ന ലോക നിലവാരത്തിലുള്ള ആദ്യത്തെ സിന്തറ്റിക്ക് ട്രാക്കാണിത്. ഇതിനായി ഏഴ്‌കോടി രൂപ അനുവദിച്ചിരുന്നു.

ഐ എ എ എഫ് സ്റ്റാന്‍ഡേര്‍ഡ് എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്ക് ജമ്പിംഗ് പിറ്റ്, ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെന്‍സിങ്, കാണികള്‍ക്കായുള്ള പവലിയന്‍, കായിക താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള മുറി, ശുചിമുറി തുടങ്ങിയവയാണ് ഇവിടെയുള്ളത്.

എം എല്‍ എ ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ മൈതാനം സജ്ജമാക്കിയത്.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹി സിന്‍കോട്ട് ഇന്റര്‍നാഷണലാണ് ട്രാക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഇതോടെ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം നാലായി ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, തിരുവനന്തപുരം സായ് പ്രിന്‍സിപ്പല്‍ ഡോ.ജി.കിഷോര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

കായിക വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, മെഡിക്കല്‍ കോളേജ് മുന്‍ ചെയര്‍മാന്‍ എം.വി. ജയരാജന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ.പവിത്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ.വത്സല,

വാര്‍ഡ് അംഗം വി.എ.കോമളവല്ലി, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍.ജയചന്ദ്രന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സി. എഞ്ചിനീയര്‍ എ.പി.എം.മുഹമ്മദ് അഷറഫ്, പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.പ്രേമലത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: