ബറേലി: പത്തു വർഷം മുമ്പ് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഏഴു വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് പതിമൂന്നു വയസുള്ളപ്പോൾ ഭാര്യയെ പീഡിപ്പിച്ചതിന് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയുടെ പിതാവ് പത്തുവർഷം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി പ്രതിയായ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. താൻ സ്വമേധയാ ആണ് യുവാവിനൊപ്പം പോയതെന്നും പീഡന പരാതി പൊലീസ് കെട്ടിച്ചമച്ചതാണെന്നുമുള്ള യുവതിയുടെ വാദവും കണക്കിലെടുക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുറ്റത്തിനാണ് ശിക്ഷ. പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ള സമയത്ത് ഇരുപത് വയസ് പ്രായമുള്ള യുവാവ് തട്ടിക്കൊണ്ട് പോയെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായതിന് പിന്നാലെ യുവാവ് വിവാഹം ചെയ്തെങ്കിലും പിതാവ് പരാതി പിൻവലിച്ചിരുന്നില്ല. പരാതിക്കാരനും ഇരയാക്കപ്പെട്ടയാളും പ്രോസിക്യൂഷൻ വാദത്തെ പിൻതുണയ്ക്കുന്നില്ലെന്ന പ്രതിഭാഗം വാദിച്ചത്. അതിനാൽ പ്രോസിക്യൂഷൻ കൊണ്ടുവന്ന ഏഴ് സാക്ഷികളും എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷിയായി വിലയിരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തന്റെ അകന്ന ബന്ധുക്കൾ കൂടി ഇടപെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിക്കാരൻ എഫ്ഐആറിൽ വിശദമാക്കിയത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. ആറ് മാസത്തിന് ശേഷമാണ് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്വമേധയാ ആണ് യുവാവിനൊപ്പം പോയതെന്നും പീഡന പരാതി പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് പരാതിക്കാരന്റെ മകൾ കോടതിയെ അറിയിച്ചത്. വീട് വിട്ടിറങ്ങിയ ദിവസം തനിക്ക് 18 വയസ് തികഞ്ഞതായുള്ള യുവതിയുടെ വാദവും തള്ളിയാണ് കോടതി തീരുമാനം.

