കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിലായി.മലപ്പുറം സ്വദേശി വിജേഷ് (38) ആണ് കോഴിക്കോട് നഗരാതിർത്തിയിൽ പുലർച്ചെ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചത്. ചേവായൂർ പൊലീസിന്റെ പട്രോളിങ്ങ് സംഘമാണ് എടിഎം കവർച്ച നടത്താനെത്തിയ വിജേഷിനെ പിടികൂടിയത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. അപ്പോൾ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി. തുടർന്ന് ബലംപ്രയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.
സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ എം.മുക്തിദാസ്, സിപിഒ എ.അനീഷ്, ഡ്രൈവർ എം.സിദ്ദിഖ് എന്നിവർ വിജേഷിനെ പിടികൂടിയെങ്കിലും ഇയാൾ അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് അസി.കമ്മിഷണർ എ.ഉമേഷിനെ വിവരം അറിയിച്ചു. ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്
