കോട്ടയം:പാമ്പാടി ആക്രികടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി കദളിമറ്റം ഭാഗത്ത് തോപ്പിൽ വീട്ടിൽ ബിപിൻ തോമസ് (28) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏഴാം തീയതി രാത്രിയോടു കൂടി കൂരോപ്പട ഭാഗത്ത് പ്രവർത്തിക്കുന്ന ആക്രികടയിൽ കയറി ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് തന്റെ സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാർ, എസ്.ഐ മാരായ ഹരീഷ് എം.സി, ശ്രീരംഗൻ, എ.എസ്.ഐ ബെന്നി ജേക്കബ്, സി.പി.ഓ മാരായ ശ്രീജിത്ത് രാജ്, ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



