കൊച്ചി: കൊച്ചിയിൽ നിന്ന് 2021ൽ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തേവര സ്വദേശിയായ 27കാരൻ ജെഫ് ജോൺ ആണ് കൊല്ലപ്പെട്ടത്. ഗോവയിൽ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ലഹരി, സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമായത്.
കോട്ടയം വെള്ളൂർ സ്വദേശിയായ അനിൽ ചാക്കോ, സ്റ്റെഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. 2021ലാണ് തേവര സ്വദേശിയായ ജെഫ് ജോൺ ലൂയിസിനെ കാണാതായത്. തുടർന്ന് മാതാവ് മകനെ കാണാനില്ലെന്ന് കൊച്ചി നോർത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തിരോധാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ജെഫ് ജോൺ ലൂയിസിനെ കണ്ടെത്താനായില്ല.
അനിൽ ചാക്കോയും സ്റ്റെഫിനും നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും ചേർന്ന് ഗോവയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയതായി മറ്റൊരു കേസ് അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഗോവാ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്കരിച്ചതാ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ലഹരി സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
