തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. വിവാഹം കഴിഞ്ഞതിന്റെ ഭാഗമായി നടന്ന മദ്യസൽക്കാരത്തിനിടയിലുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിന് കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെന്നും നില അതീവഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പരുക്കേറ്റ അജീറും പ്രതിയായ കിരൺ കണ്ണനും സുഹൃത്തുക്കളാണ്. മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അജീറിന്റെ കഴുത്തിൽ ബിയർ കുപ്പികൊണ്ട് പ്രതി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കുറ്റകൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
