യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കൈക്കലാക്കി; യുവതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൂത്താട്ടുകുളം: മലപ്പുറം-മഞ്ചേരി സ്വദേശിയായ യൂട്യൂബറെ കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസിലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആലുവയിൽ താമസിച്ച് കൗൺസലിങ് നടത്തുന്നയാളാണ് യൂട്യൂബർ.

യൂട്യൂബിൽ നിന്നു ലഭിച്ച ഫോൺ നമ്പർ വഴി
സംഘാംഗമായ അക്ഷയ ഇയാളുമായി സൗഹൃദത്തിലായി.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരന് കൗൺസലിങ് നൽകണമെന്ന് പറഞ്ഞാണ് അക്ഷയ ഇയാളെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക്
വിളിപ്പിച്ചത്. ലോഡ്ജിൽ വെച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ ആണ് കണ്ടതെന്നും യൂട്യൂബർ നൽകിയ പരാതിയിൽ പറയുന്നു.

പിന്നീട് മുറിക്ക് പുറത്തു നിന്നിരുന്ന സംഘാംഗങ്ങളായ അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവർ മുറിയിലെത്തി. യുവതികളെ യൂട്യൂബറിനൊപ്പം ചേർത്തുനിർത്തി ഫോട്ടോയും വിഡിയോയും എടുത്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ പക്കലുണ്ടായ 11,000 രൂപ ഫോൺ വഴി അക്ഷയയുടെ അക്കൗണ്ടിലേക്ക് കൈമാറി. കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തു. തുടർന്ന് യൂട്യൂബറെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു.

സംഭവത്തിനു ശേഷം വ്യാഴാഴ്ച യൂട്യൂബർ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി. ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നിർദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പിറവം സബ് ഇൻസ്പെക്ടർ എം.എ. ആനന്ദിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നുപേരെ കരിങ്ങാച്ചിറ ഭാഗത്തു നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു ഇവർ.

അഭിലാഷ് വാടകക്കെടുത്ത കൂത്താട്ടുകുളത്തെ മുറിയിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ രജിസ്ടേഷൻ നമ്പർ, മൊബൈൽ ഫോൺ എന്നിവ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.കൂത്താട്ടുകുളത്തെ ഓഡിറ്റോറിയത്തോട് ചേർന്നുള്ള ലോഡ്ജ് മുറിയിൽ വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തി. ഇടുക്കി സ്വദേശിയായ അഭിലാഷ് കഴിഞ്ഞ ഒരു മാസമായി ഇവിടെയാണ് താമസം. പാറമട തൊഴിലാളി എന്ന പേരിലാണ് മുറിയെടുത്തത്. അഭിലാഷ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ അമീർ അലിയുമായി സൗഹൃദത്തിലായിരുന്നുവെന്നും അമീർ അലി ആതിരയ്ക്കൊപ്പം പലവട്ടം കൂത്താട്ടുകുളത്തെ വാടകമുറിയിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടുകാരനും സഹോദരിയുമാണെന്നാണ് ഓഡിറ്റോറിയത്തിലെ സുരക്ഷാ ജീവനക്കാരനെ അറിയിച്ചിരുന്നത്.

അക്ഷയ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. സംഘത്തിന് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട മറ്റു കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി. ടി.ബി. വിജയൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: