തൃശ്ശൂർ: പരസ്യ ഏജൻസിയിൽ നിന്നും 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശ്ശൂർ ആമ്പല്ലൂർ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പിൽ വീട്ടിൽ ടി.യു. വിഷ്ണുപ്രസാദ്(30) ആണ് അറസ്റ്റിലായത്. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. വളപ്പില കമ്യൂണിക്കേഷൻസിൽ ഫിനാൻസ് മാനേജരായിരുന്നു വിഷ്ണുപ്രസാദ്. ഓൺലൈൻ ബാങ്കിങ് സംവിധാനത്തിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിന്റെ ജി.എസ്.ടി, ആദായനികുതി, ഇ.എസ്.ഐ, ടി.ഡി.എസ്. തുടങ്ങിയവ അടച്ചതിന്റെ വ്യാജരേഖകൾ നിർമിച്ച പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ ഓഡിറ്റിങ് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു.

