തിരുവനന്തപുരം: രാജ്യത്താദ്യമായി പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (PN) ബാധിച്ചവർക്ക് സർക്കാർ തലത്തിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി കേരളം മാതൃകയാകുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘കെയർ’ (CARE) പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളും മറ്റ് ചികിത്സാ സേവനങ്ങളും ലഭ്യമാക്കുന്നത്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്ക് പത്ത് ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിക്കൊണ്ടാണ് ഈ ചികിത്സാ ഘട്ടത്തിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ എൻ.പി.ആർ.ഡി (NPRD) പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ചികിത്സാ സഹായം ലഭിക്കാൻ പ്രയാസപ്പെട്ടിരുന്ന അപൂർവ രോഗികൾക്ക്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിലൂടെയാണ് ഇപ്പോൾ ആശ്വാസമായത്.
രോഗനിർണ്ണയം മുതൽ മരുന്നുകൾ, സാമ്പത്തിക സഹായം, മാനസിക പിന്തുണ എന്നിവയുൾപ്പെടെയുള്ള പൂർണ്ണമായ ചികിത്സാ സംവിധാനം ‘കെയർ’ ഉറപ്പാക്കുന്നു. പിഎൻ രോഗികൾക്ക് സർക്കാർ സംവിധാനത്തിലൂടെ ഇത്രയും വിപുലമായ ചികിത്സാ സൗകര്യം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. രാജ്യത്തെ 12 പ്രമുഖ ആശുപത്രികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട എസ്.എ.ടി ആശുപത്രിയിലൂടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നേരത്തെ നടപ്പിലാക്കിയ ലൈസോസോമൽ സ്റ്റോറേജ് ഡിസോർഡർ, ഗ്രോത്ത് ഹോർമോൺ ചികിത്സകൾക്ക് പുറമെ എസ്.എം.എ (SMA) പോലുള്ള രോഗങ്ങൾക്കും ഈ പദ്ധതി വഴി വിദഗ്ധ ചികിത്സ ലഭ്യമാണ്.
രോഗം അപൂർവമാണെങ്കിലും അതിന്റെ ചികിത്സ ആർക്കും അപ്രാപ്യമാകരുത് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്.


