കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ 12 വയസുകാരിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) ആണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് മാണിക്കിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് എടയപ്പുറം ഭാഗത്തുനിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസ് വ്യാപകമായ പരിശോധന നടത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
വൈകുന്നേരം 5 മണിയോടെ കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ 6 മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധ നടത്തുകയായിരുന്നു.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ മാണിക് പെൺകുട്ടിയെ നിർബന്ധപൂർവം കൂട്ടികൊണ്ടുപോവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ചശേഷം നിർബന്ധിച്ചാണ് ഒപ്പംകൊണ്ടുപോയത്. ഇയാളുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സിസിടിവികളും പൊലീസ് പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ രാത്രി 9 മണിയോടെ അങ്കമാലിക്കടുത്ത് ഒരു വീട്ടിലുണ്ടെന്ന് മനസിലാക്കുകയും പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം എം മഞ്ജുദാസ്, എസ് ഐ കെ നന്ദകുമാർ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ്, ടി ബി സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

