കണ്ണൂർ: വീട്ടുമുറ്റത്ത് രഹസ്യ അറ നിർമ്മിച്ച് സമാന്തര ബാർ നടത്തിയ ആൾക്ക് ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിൽ എക്സൈസ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദിന്റെ വീട്ടുമുറ്റത്തെ രഹസ്യ അറയിൽ നിന്നും 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും പിടിച്ചെടുത്തത്. വിനോദിന്റെ വീടിന് തൊട്ടടുത്തുള്ള ചക്കരക്കൽ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണ് ഇതെന്നും എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്രയധികം മദ്യം വിനോദിന് ലഭിക്കാൻ ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നാണ് എക്സൈസിന്റെ അന്വേഷണം.
സമാന്തര ബാർ നടത്തുന്ന വിനോദിനെ കുറിച്ച് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പലതവണ വിനോദിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇന്റർ ലോക്ക് ഇളകിയത് ശ്രദ്ധയിൽപ്പെട്ടത് നോക്കിയപ്പോഴാണ് കഴിഞ്ഞ വ്യാഴാഴ്ച രഹസ്യ അറ കണ്ടെത്തിയത്. ആവശ്യക്കാർക്ക് തണുപ്പിച്ച ബിയർ കൊടുക്കാൻ ഫ്രിഡ്ജുൾപ്പെടെ സജ്ജീകരിച്ചായിരുന്നു. വീട്ടുമുറ്റത്തെ രഹസ്യ അറയിൽ സമാന്തര ബാർ പ്രവർത്തിച്ചിരുന്നത്. അറിയാതിരിക്കാൻ ഇരുമ്പിന്റെ പ്രത്യേക തരം സ്ലാബ്. താഴേക്കിറങ്ങാൻ കോണിയുൾപ്പെടെ സജ്ജീകരിച്ചായിരുന്നു വിനോദിന്റെ മദ്യവിൽപ്പന.
പിടിച്ചെടുത്ത ഭൂരിഭാഗം മദ്യവും ചക്കരക്കൽ ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന് വാങ്ങിയതാണ്. എങ്ങനെ ഇത് സംഘടിപ്പിച്ചു എന്നതിലാണ് എക്സൈസ് അന്വേഷണം. ജീവനക്കാരുടെ സഹായം കിട്ടിയോ എന്ന് ബെവ്കോയും പരിശോധിക്കുന്നുണ്ട്. മൂന്ന് ലിറ്ററിന് 100 രൂപ വച്ച് കമ്മീഷൻ നൽകി പല ആളുകളെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നാണ് വിനോദിന്റെ മൊഴി. പിടിച്ചെടുത്ത മദ്യം ഔട്ട്ലെറ്റിൽ ഒരു ബാച്ചിൽ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് മദ്യവിൽപ്പനയിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്

