മലപ്പുറം: തൊടിയപുലത്ത് 16കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ സ്കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രായപൂർത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കുട്ടി സ്കൂളില്‍ നിന്ന് തിരികെ വരാത്തതിനാല്‍ അമ്മ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂളിന്റെ മുൻവശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. കുട്ടിക്ക് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ മനസിലാക്കിയിരുന്നു. ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.


