ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബലാത്സംഗത്തെ തുടർന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാർഡ് മരിച്ചു. 19കാരിക്ക് നേരെ സൂപ്പർവൈസറാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതി അജയിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ബലാത്സംഗത്ത തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് പെൺകുട്ടി മരിച്ചത്. കൂടെ ജോലി ചെയ്യുന്നവരാണ് 19കാരിയെ ആശുപത്രിയിൽ എത്തിച്ചത്.
ഞായറാഴ്ച രാത്രിയാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഝാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടി ബന്ധുവിന്റെ കൂടെയാണ് താമസിച്ചിരുന്നത്. ഹൗസിങ് സൊസൈറ്റിക്ക് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
സൊസൈറ്റിയുടെ ബേസ്മെന്റിൽ മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് വിഷം നൽകിയതിന് പിന്നാലെയാണ് പെൺകുട്ടിയുടെ നില വഷളായതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയതായും പൊലീസ് പറയുന്നു. ബേസ്മെന്റിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്നത് കൂട്ട ബലാത്സംഗമല്ലെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.വിഷം
അകത്തുചെന്നതിനെ തുടർന്നാണോ അതോ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണോ മരണം സംഭവിച്ചത് എന്ന് അറിയാൻ പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറയുന്നു.
