ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചു; 22 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

വിശാഖപട്ടണം: ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് പിന്നാലെ, കുടുംബത്തിൻ്റെ ക്രൂരമായ പ്രതികാരത്തിന് ഇരയായി 22കാരി. ആന്ധ്രപ്രദേശിലെ മാച്ചർല സ്വദേശിനിയായ ചൗഡേശ്വരി എന്ന യുവതിയാണ് അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്.


മാർച്ച് 4-നാണ് ചൗഡേശ്വരി നാഗരാജുവിനെ വിവാഹം കഴിച്ചത്. കുടുംബത്തിൻ്റെ എതിർപ്പിനെ തുടർന്ന് യുവതി കാണാതായതായി പരാതി നൽകിയിരുന്നു. തുടർന്ന് ദമ്പതികളെ കണ്ടെത്തിയ മാച്ചർല ടൗൺ സി.ഐ വെങ്കിട്ട രമണ, പ്രായപൂർത്തിയായ യുവതിയുടെ ഇച്ഛയെ ഭീഷണിപ്പെടുത്തി മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു.

വീട്ടിലെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 18-ന് ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം ഇത് ആത്മഹത്യയാണെന്ന് കുടുംബം അവകാശപ്പെട്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. യുവതി ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവം മറച്ചുവെക്കാനും ആത്മഹത്യയായി ചിത്രീകരിക്കാനും സി.ഐ വെങ്കിട്ട രമണ കുടുംബത്തെ സഹായിച്ചുവെന്ന ഗുരുതര ആരോപണവും ഉയർന്നു. കുടുംബത്തിൽ നിന്ന് കൈക്കൂലി വാങ്ങിയതായി സൂചനകളുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: