പാലക്കാട്: ചിറ്റൂരിൽ കുഴൽപ്പണവുമായി അങ്ങാടിപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിലായി. ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പോലീസ് പിടികൂടി. മൂന്ന് കോടിയുടെ കഴൽപ്പണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
തമിഴ്നാട്ടിൽ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. അർധ രാത്രിയിലാണ് പൊലീസിനു രഹസ്യ വിവരം കിട്ടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാറിൽ പണമുണ്ടെന്നു ഇരുവരും സമ്മതിച്ചു. പണം കടത്തിക്കൊണ്ടു വന്ന കാറും രഹസ്യ അറകളിലായി സൂക്ഷിച്ച പണവും പൊലീസ് പിടിച്ചെടുത്തു.
കേരള- തമിഴ്നാട് അതിർത്തി വഴി കുഴൽപ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്നു പൊലീസ് വ്യക്തമാക്കി. ഇവരുൾപ്പെട്ട ഹവാല സംഘത്തെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.

