തിരുവനന്തപുരം : സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ് തീരുമാനിച്ചത്.
വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. അതോടൊപ്പം ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങള്‍ അതതു ക്ലാസില്‍ വച്ചു നേടേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞു. ഇത് വര്‍ഷാന്ത്യപരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവര്‍ത്തനമല്ല എന്ന കാര്യം സ്കൂള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്ക്കും ബോധ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി പറയുന്ന തീരുമാനങ്ങള്‍ ഉന്നതതല യോഗത്തിലുണ്ടായി.
അഞ്ചു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാകും. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുവാനോ, അരിച്ചുകളയാനോ അല്ല മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ്.
ഓരോഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തരവിലയിരുത്തലിന്റെ ഭാഗമായോ ടേം മൂല്യനിര്‍ണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തില്‍ തന്നെ പഠനപിന്തുണ നല്‍കുന്നുണ്ട് എന്ന്ഉറപ്പാക്കാന്‍ കഴിയണം.
