കാസർഗോഡ്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേർ പിടിയിൽ. കോട്ടയിലെ വെള്ളമില്ലാത്ത കിണറിനകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാൻ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്. കോട്ടയ്ക്ക് അകത്തെ കിണറിനുള്ളിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ നോക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തു നിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. ഇവിടെയാണ് നിധി കുഴിച്ചെടുക്കാൻ മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടങ്ങുന്ന സംഘം എത്തിയത്.
മുസ്ലിം ലീഗ് ഭരിക്കുന്ന മൊഗ്രാൽ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരമാണ് നിധി കുഴിച്ചെടുക്കാൻ ആളെത്തിയത്. നീലേശ്വരം ഭാഗത്തുള്ള ആളുകളാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. മൂന്നു ദിവസം മുമ്പും ഇവർ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നുവെന്ന് പറയുന്നു.
കണ്ണൂർ ഭാഗത്ത് കുടുബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും സൂചനയുണ്ട്. നിധി കുഴിയ്ക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റ് ഉപകരണങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട് .
