അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് സംസ്ഥാനത്തെ 93 സ്പെഷ്യൽ സ്കൂളുകൾ

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് 93 സ്കൂളുകൾ. സ്കൂളുകൾക്ക് വേണ്ട മാനദണ്ഡങ്ങളാണ് തിരിച്ചടിയാകുന്നത്. സർക്കാർ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികൾ വേണമെന്നാണ് നിബന്ധന. ഈ കാരണം പറഞ്ഞ് കഴിഞ്ഞ വർഷം 43 സ്കൂളുകളാണ് പൂട്ടിയത്. എല്ലാ കാലത്തും കൈത്താങ്ങു വേണ്ട ഈ കുഞ്ഞുങ്ങളെ എന്തു ചെയ്യണമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.

9 വയസുകാരൻ അംശിക് സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുകയാണ്. സ്കൂളും കൂട്ടുകാരും അധ്യാപകരുമാണ് അവന്‍റെ കുഞ്ഞു ലോകം. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ജീവനക്കാരിയായ അമ്മ നീതുവിനും കോർപ്പറേഷനിലെ ജീവനക്കാരനായ അച്ഛൻ ഭാഷിയകുമാറിനും അംശികിനൊപ്പം രണ്ട് മക്കൾ കൂടിയുണ്ട്. രണ്ട് പേരും ജോലിക്ക് പോയാൽ തന്നെ കുട്ടികളുടെ പഠന ചെലവും കുടുംബത്തിന്‍റെ ജീവിത ചെലവും കൂട്ടി മുട്ടിക്കുക പ്രയാസമാണെന്ന് ഇവർ പറയുന്നു.

45 ദിവസം മാത്രം പ്രായമുള്ളപ്പോൾ ഹൃദയസ്തംഭനം വന്നതാണ് അംശിക്കിന്. തളർന്ന് പോകുമെന്ന് പറഞ്ഞ് ഡോക്ടർമാർ ഉപേക്ഷിച്ചു. കണ്ണിമ വെട്ടാതെ കാവലിരുന്നു അച്ഛനും അമ്മയും. സ്കൂളിൽ പോയി തുടങ്ങിയപ്പോൾ മുതലാണ് അംശിക്കിന് മാറ്റങ്ങളുണ്ടായത്. ആ സ്കൂളെങ്ങാനും പൂട്ടിയാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഈ കുടുംബം. 325 സ്പെഷ്യൽ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ വർഷവും സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്നാണ് പേരന്‍റസ് അസോസിയേഷൻ ഫോർ ഇന്‍റലെക്ച്വലി ഡിസ്ഏബിൾഡിന്‍റെ ആവശ്യം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: