Headlines

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ‘സമരജ്വാല’യുമായി യൂത്ത് കോണ്‍ഗ്രസ്, സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്‍റ് ചെയ്തതിന് പിന്നാലെ “സമരജ്വാല” എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റ് മാർച്ചുണ്ടായിരിക്കുമെന്ന് അബിൻ അറിയിച്ചു. വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സമരജ്വാല” എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.

വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും യൂത്ത് കോണഗ്രസ് രൂപം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, പൊലീസിന്‍റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന്‍റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിലെ കേസിൽ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായ കേസിൽ രാഹുലിനറെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നും കൻറോൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചു. ഫോർട്ട് ആശുപത്രിയിലെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

പിന്നാലെ രാഹുലിൻറെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. പ്രോസിക്യൂഷനും രാഹുലിൻറെ അഭിഭാഷകനും തമ്മിലെ വാദപ്രതിവാദങ്ങൾ ഒരുമണിക്കൂറോളും നീണ്ടു. പ്രതിഷേധമല്ല, അക്രമാണ് നടന്നതെന്നും പട്ടികകൊണ്ട് പൊലീസുകാരനെ ആക്രമിച്ചുവെന്നും രാഹുലിന് ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അക്രമം തടയേണ്ട രാഹുൽ അതിന് ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ സ്വാഭാവിക പ്രതിഷേധമാണ് ഉണ്ടായതെന്ന് രാഹുലിൻറെ അഭിഭാഷകൻ വാദിച്ചു.

ഇന്നലെവരെ പൊതുമധ്യത്തിലുണ്ടായിരുന്ന പൊതുപ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത നടപടി അസാധാരണമാണ്. രാഹുലിന് ആരോഗ്യപ്രശ്നമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ഉച്ചക്ക് ശേഷം വിധി പറയാനായി കേസ് മാറ്റി. നാലുമണിയോടെ കേസ് പരിഗണിച്ചപ്പോൾ വീണ്ടും വിശദമായ മെഡിക്കൽ പരിശോധനക്ക് നിർദ്ദേശം നകി. ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ ക്ലിനിക്കലി ഫിറ്റെന്ന റിപ്പോർട്ട് വന്നതോടെ ജാമ്യാപേക്ഷ തള്ളി കോടതി രാഹുലിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: