തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ബിജെപി ഇറക്കുന്നത് കേന്ദ്രമന്ത്രിമാരെ. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ഥിപ്പട്ടികയുമായി സംസ്ഥാനനേതാക്കള്‍ ഡല്‍ഹിയിലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപിക്കും മാറ്റമുണ്ടാകില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചേക്കും. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ അദ്ദേഹം സജീവമായിരുന്നു സുരേഷ് ഗോപി. തൃശൂരിൽ മത്സരിക്കാനുള്ള ആഗ്രഹവും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരത്തിനുണ്ടാകില്ലെന്ന് പറയുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
തിരുവനന്തപുരത്ത് തുടക്കംതൊട്ടേ ഉയര്‍ന്നുകേട്ട പേരുകളാണ് രാജീവ് ചന്ദ്രശേഖറിന്റെയും നിര്‍മലാ സീതാരാമന്റെയും. ഇവിടെ നടന്‍ കൃഷ്ണകുമാറിനെ പരിഗണിക്കുന്നതായി പ്രചാരണമുണ്ടെങ്കിലും സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കളും ഉന്നയിച്ചിരുന്നു. രാജീവ് ചന്ദ്രശേഖരനോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടത്രേ. തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ ബി ജെ പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. കൊല്ലത്ത് കുമ്മനം രാജശേഖരന് സീറ്റ് ഉറച്ചാല്‍ പ്രധാന മണ്ഡലങ്ങളുടെ പട്ടികയില്‍ കൊല്ലവും ഇടംപിടിക്കും.
സാധ്യതാപട്ടിക ഇങ്ങനെ
കൊല്ലം-കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. ആലപ്പുഴ-ഡോ. കെ.എസ്. രാധാകൃഷ്ണന്‍, അനില്‍ ആന്റണി. മാവേലിക്കര-ബി.ഡി.ജെ.എസിന്. പത്തനംതിട്ട -കുമ്മനം രാജശേഖരന്‍, പി.സി. ജോര്‍ജ്. കോട്ടയം-ബി.ഡി.ജെ.എസ്. -തുഷാര്‍ വെള്ളാപ്പള്ളി. എറണാകുളം-അനില്‍ ആന്റണി. ചാലക്കുടി-എ.എന്‍. രാധാകൃഷ്ണന്‍, സിന്ധുമോള്‍. ആലത്തൂര്‍-ഷാജുമോന്‍ വട്ടേക്കാട്. പാലക്കാട്-സി. കൃഷ്ണകുമാര്‍. മലപ്പുറം-എ.പി. അബ്ദുള്ളക്കുട്ടി. പൊന്നാനി-പ്രഫുല്‍കൃഷ്ണന്‍. കോഴിക്കോട്-എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍. കണ്ണൂര്‍- അടുത്തിടെ കോണ്‍ഗ്രസ് വിട്ടുവന്ന സി. രഘുനാഥ്. കാസര്‍കോട്-പി.കെ. കൃഷ്ണദാസ്. ഇടുക്കി-ബി.ഡി.ജെ.എസിന്. വടകരയെപ്പറ്റി വ്യക്തത വന്നിട്ടില്ല. വയനാട്ടില്‍ യു.ഡി.എഫിലെ രാഹുല്‍ഗാന്ധി മത്സരിക്കുമെന്നുറപ്പായാല്‍ ബി.ജെ.പിയുടെ പ്രമുഖന്‍ രംഗത്തുണ്ടാകും.

