വൈത്തിരി: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ കേസിൽ നേരത്തേ ഉണ്ടായിരുന്ന 12 പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്. ആകെ 18 പ്രതികൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2024 ഫെബ്രുവരി 18 നാണ്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ട്. സിദ്ധാർഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തിൽ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്

