മണ്ണാർക്കാട്: കണ്ടമംഗലം പുറ്റാനിക്കാട്ടിൽ വീടിനകത്ത് കയറിയ കൂറ്റൻ രാജവെമ്പാലയെ ദ്രുതപ്രതികരണ സേന അതിസാഹസികമായി പിടികൂടി. പുറ്റാനിക്കാട് ജുമാമസ്‌ജിദിന് സമീപമുള്ള കോഴിക്കോടൻ വീട്ടിൽ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥൻ നിസ്‌കാരം കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് തുറന്നുകിടന്ന വാതിലിലൂടെ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്.
ആളുകളെ കണ്ടതോടെ പാമ്പ് കോണിപ്പടിയുടെ അടിയിൽ കയറിക്കൂടി. കൊച്ചു കുട്ടികളടക്കം വീട്ടിലുണ്ടായതിനാൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു.വീട്ടുകാർ ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ആദ്യമായിയാണ് ഈ പ്രദേശത്ത് രാജവെമ്പാലയെ കാണുന്നതെന്നും വീട്ടുകാർ പറയുന്നു.
മണ്ണാർക്കാട് ദ്രുതപ്രതികരണ സേനയിലെ വാച്ചർമാരായ അൻസാർ, മരുതൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിതിൻ, അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്. തുടർന്ന് പാമ്പിനെ ശിരുവാണി വനത്തിൽ വിട്ടയച്ചു.

