കോട്ടയം:കടുത്തുരുത്തി അറുനൂറ്റിമംഗലത്ത് വീട്ടിലേയ്ക്ക് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ജീവനൊടുക്കി.കടുത്തുരുത്തി അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസിനെയാണ് (45) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കുത്തേറ്റ അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ഷിബു ലൂക്കോസ് ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയായിരുന്നു.വീട്ടിൽ എത്തിയ പ്രസാദും ഷിബുവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന്, ഷിബു പ്രസാദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.പ്രസാദിന്റെ പരിക്ക് ഗുരുതരമാണ്.അക്രമ സംഭവങ്ങൾ നടക്കുമ്പോൾ ഷിബുവിന്റെ മാതാവും, ഭാര്യയും വീട്ടിലുണ്ടായിരുന്നു.
സംഭവ ശേഷം വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഷിബുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ വെള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

