ശിരോമണി അകാലിദളുമായി സഖ്യമില്ല;പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിക്കും




ചണ്ഡീഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ജഖാര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ദേശീയതലതത്തില്‍ എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചുവെങ്കിലും വിചാരിച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവാദകര്‍ഷക നിയമങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ 2020 സെപ്റ്റംബറില്‍ ശിരോമണി അകാലിദള്‍ എന്‍ഡിഎ മുന്നണി വിടുകയും ചെയ്തിരുന്നു. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ കഴിഞ്ഞമാസം പ്രതിഷേധം പുനഃരാരംഭിച്ചിരുന്നു. ഇത് ഇനിയും അവസാനിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍, മുന്‍പ് കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നണി വിട്ട അകാലിദള്‍ വീണ്ടും എന്‍ഡിഎയുമായി കൈകോര്‍ക്കാന്‍ സാധ്യത കുറവാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: