തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നേരിടുന്നത് കനത്ത തിരിച്ചടി. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാൻ പ്രത്യക്ഷ നികുതി ബോര്‍ഡിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശം നൽകി. കോൺഗ്രസ് നൽകിയ പരാതിയിന്മേൽ സാങ്കേതിക കാരണങ്ങളാൽ ഇടപെടാനാകില്ലെന്ന് ആദ്യം അറിയിച്ച കമ്മീഷൻ പിന്നീട് പരിശോധനകൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.
കോൺഗ്രസിന് പുറമെ എല്‍ഡിഎഫും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ രാജീവ് വസ്തുതകള്‍ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പരാതി. 2021-22 ല്‍ 680 രൂപയും 2022-23 ല്‍ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ആവണി ബന്‍സല്‍ ആണ് തെരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ രാജീവിന്റെ പത്രിക തള്ളണമെന്നായിരുന്നു ആവശ്യം. എന്നാല്‍, രാജീവിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാല്‍ ഇനി ഇടപെടാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം സ്വീകരിച്ച നിലപാട്. തെരഞ്ഞെടുപ്പിനുശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീടാണ് പരാതി പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്

