തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 1.30 യോടെ റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതിന് തയ്യാറാകാതെ ഇവിടെ തുടർന്ന യുവാക്കൾ തമ്മിലാണ് സംഘർഷമുണ്ടായത്.
അതേസമയം നിരന്തര സംഘർഷത്തെ തുടർന്ന് മാനവീയം വീഥിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് നടപടികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ തെളിവാണ് ഇന്ന് പുലർച്ചെയുണ്ടായ ഈ സംഘർഷം. പൊലീസ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും മാനവീയം വീഥിയിൽ താവളമാക്കി. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നത്

