കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്.74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാൻ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

