ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽ നിന്നും പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്നകിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രികൂടിയായ ഈശ്വരപ്പയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ.
ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെയാണ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്കെത്തിയത്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു. കർണാടക ബി.ജെ.പിയിൽ യെദ്യൂരപ്പ വിഭാഗം വീണ്ടുംപിടിമുറുക്കിയതിൽ ഈശ്വരപ്പ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈശ്വരപ്പയ്ക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മകന് സീറ്റ് നൽകുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിരുന്നതായും ഈശ്വരപ്പ പറഞ്ഞിരുന്നു. എന്നാൽ ഹവേരിയിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ആണ് ബിജെപി സ്ഥാനാർഥിയാക്കിയത്. മകനെ തഴഞ്ഞത് യെദ്യൂരപ്പയുടെ ചരടുവലിയാണെന്ന് ഈശ്വരപ്പ ആരോപിക്കുന്നു. ഇതാണ് യെദ്യൂരപ്പയുടെ മകൻ മത്സരിക്കുന്ന ശിവമോഗയിൽ മത്സരിക്കാൻ ഈശ്വരപ്പയ്ക്ക് പ്രേരണയായത്.
ബി.ജെ.പി. വിമതനായി ഈശ്വരപ്പ എത്തിയതോടെ ശിവമോഗയിൽ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവരാജ്കുമാറാണ് കൈപ്പത്തി ചിഹ്നത്തിൽ വോട്ടുതേടുന്നത്. കർണാടക മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയാണ് ഗീത. ബംഗാരപ്പ കുടുംബത്തിനും ശിവമോഗയിൽ കാര്യമായ സ്വാധീനമുണ്ട്.

