പാലക്കാട്: ജില്ലയിൽ ഇന്നലെ രണ്ടുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. ബസ് കാത്തുനിൽക്കുന്നതിനിടെ 56 വയസുകാരി കുഴഞ്ഞുവീണുമരിച്ചു. തെങ്കര സ്വദേശിനി സരോജിനി ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ജോലിക്ക് പോകാൻ തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് ഇവർ കുഴഞ്ഞു വീണത്.
സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഇന്നലെ രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് സ്വദേശി ആര്‍ ശബരീഷാണ് കുഴഞ്ഞ് വീണ് മരിച്ചത്. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ 56കാരിയും കുഴഞ്ഞു വീണ് മരിച്ച സംഭവമുണ്ടായത്.

