Headlines

രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ സ്ഥാനാർഥി; സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനമെന്ന് നേതൃത്വം; അമേഠിയിൽ കിശോരിലാൽ ശർമ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. അമേഠിയിൽ കിശോരിലാൽ ശർമ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് ആണ് കിശോരി ലാൽ ശർമ.

അതേസമയം, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചതായും കോൺഗ്രസ് വ്യക്തമാക്കി.

മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

അമേഠിയിലെ ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിലടക്കം രാഹുല്‍ ഗാന്ധിയുടെ ചിത്രം അടങ്ങിയ പ്രചാരണ ബോര്‍ഡുകള്‍ എത്തിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയടക്കമുള്ളവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നീണ്ടതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന്‍ വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രം​ഗത്തെത്തിയതും ചർച്ചയായി.

സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് ഇവിടെ സ്ഥാനാർത്ഥി ആര് എന്ന ചോദ്യം ഉയർന്നത്. 2019ൽ സോണിയ പരാജയപ്പെടുത്തിയ ദിനേശ് പ്രതാപ് സിങ്ങാണ് ഇക്കുറിയും ഇവിടെ ബിജെപി സ്ഥാനാർത്ഥി. എന്തുകൊണ്ടും കോൺ​ഗ്രസിന് സുരക്ഷിതമായ മണ്ഡലമാണ് റായ്ബറേലി. രാഹുൽ വയനാട്ടിലും ജനവിധി തേടിയിട്ടുണ്ട്. രണ്ടിടത്തും വിജയിച്ചാൽ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതാണ് ഇനിയുള്ള ചോദ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: