തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചെന്നും തെറി വിളിച്ചെന്നും ആരോപിച്ച് തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സംഘർഷം. സിപിഐഎം നേതാക്കളും പൊലീസും തമ്മിൽ ആയിരുന്നു സംഘർഷം. ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ ഹെൽമെറ്റ് പരോശോധനയ്ക്കിടെ തെറി വിളിച്ചുവെന്നും പുറത്ത് മർദ്ദിച്ചു എന്നുമാണ് ആരോപണം.
സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉൾപ്പടെയുള്ളവർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തെറി വിളിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പേട്ട സ്റ്റേഷന് മുൻപിൽ സിപിഐഎം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചു കൂടി. ഇവർ സ്റ്റേഷന് മുൻപിൽ മുദ്രാവാക്യം വിളിച്ചു. അനുരജ്ഞന ചർച്ചയ്ക്കിടെ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചു. ഡിസിപി സിപിഐഎം ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തുന്നതിനിടെയാണ് തള്ളിക്കയറാൻ ശ്രമിച്ചത്. സ്റ്റേഷന് അകത്തു നിന്നും പൊലീസുകാർ പ്രകോപനപരമായി പെരുമാറിയെന്നു ഡിവൈഎഫ്ഐ ആരോപിച്ചു. തെറി വിളി ആരോപണം പൊലീസ് നിഷേധിച്ചു.
ആരോപണവിധേയരായ പോലീസുകാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന ഡിസിപിയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
