നടുറോഡിലെ വാക്ക് പോര്; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും അടക്കം 5 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും എതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി.ജെ.എം. കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിർദേശിച്ചത്. അതിനിടെ മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിൽ ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി . മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.

പൊലീസ് യദുവിൻറെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തിയത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: