കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ രണ്ടംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവർ കൂടിയായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേർ ഓട്ടം വിളിക്കുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലിനീഷിനെ മർദിക്കുകയുമായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. ‘ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍ കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്ത് എത്തിയപ്പോള്‍ ഇവര്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളുകള്‍ അധികം ഇല്ലാത്ത സ്ഥലം ആയതിനാല്‍ അവര്‍ ഭീഷണിപ്പെടുത്തി ഓട്ടോ നിര്‍ത്തിക്കുകയായിരുന്നു.’ ഓട്ടോ നിര്‍ത്തിയ ഉടനെ രണ്ട് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ലിനീഷ് പറഞ്ഞു. പരുക്കേറ്റ ലിനീഷ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

