കോട്ടയം: കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ആരൺ ആർ പ്രകാശ്. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥിയുമായ ആരൺ ആണ് ചരിത്രം കുറിച്ചത്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്.
ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കാണു ആരൺ നീന്തിയത്. കയ്യും കാലും കെട്ടി 4.5 കിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ. ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ ബിജു തങ്കപ്പനാണു പരിശീലനം നൽകിയത്. കേരള സ്റ്റേറ്റ് പിന്നാക്ക വിഭാഗ കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.

