റായ്പൂർ: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി പതിനാലുകാരി. ഛത്തീസ്ഗഡിലാണ് സംഭവം. സംഭവം നടക്കുമ്പോൾ കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ ജോലിക്ക് പോയിരുന്നതായി കസ്റ്റഡിയിലിരിക്കെ പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന സഹോദരന്‍റെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയത്. സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി കുളിച്ച് വസ്ത്രത്തിലെ രക്തക്കറ വൃത്തിയാക്കിയ ശേഷം സഹോദരൻ കൊലപ്പെട്ട വിവരം അയൽക്കാരെ അറിയിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ പെൺകുട്ടി കൊലപാതകം നടത്തിയതായി സമ്മതിച്ചു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

