ബെംഗളൂരു: അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവുമായുള്ള തർക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിർന്നത്.
തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം ഉണ്ടായത്.
രവികുമാറിന്റെയും സാവിത്രിയുടെയും 6 വയസ്സുള്ള മകൻ വിനോദാണ് ഈ ഹതഭാഗ്യൻ. ഭാര്യാഭർത്താക്കന്മാർ തമ്മില്‍ വഴക്കിടുന്നതിനിടെ അമ്മ സാവിത്രി ദേഷ്യം മൂത്ത് കുട്ടിയെ വീടിനു പിന്നിലെ പേപ്പർ ഫാക്ടറിയില്‍ നിന്ന് കെമിക്കല്‍ വാട്ടർ ഒഴുകി വരുന്ന പൈപ്പിലേക്ക് എറിയുകയായിരുന്നു.
ഇവിടെ നിന്ന് കുട്ടി ഒഴുകി തൊട്ടടുത്ത മുതലകള്‍ നിറഞ്ഞ തോട്ടില്‍ വീണു. കുട്ടിയെ കനാലില്‍ എറിഞ്ഞ വിവരം അയല്‍വാസികള്‍ അറിഞ്ഞതോടെ പോലീസില്‍വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ സംഭവം നടന്ന ഉടൻ തിരച്ചില്‍ ആരംഭിച്ചെങ്കിലും വെളിച്ചം കുറവായതിനാല്‍ നിർത്തി വെച്ചു.
ഞായറാഴ്ച പുലർച്ചെ തുടർച്ചയായി നടത്തിയ തെരച്ചിലിലാണ് വായില്‍ കുട്ടിയുമായി നടക്കുന്ന മുതലയെ കണ്ടെത്തിയത്. പ്രദേശത്തെ മുങ്ങല്‍ വിദഗ്ധരും അഗ്നിശമന സേനാംഗങ്ങളും പോലീസും ചേർന്ന് കുട്ടിയുടെ മൃതദേഹം മുതലയുടെ വായില്‍ നിന്ന് അതി സാഹസികമായി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു കേസ് എടുത്തിട്ടുണ്ട്.

