ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവം. അർജുൻ എന്ന യുവാവാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നേപ്പാൾ സ്വദേശിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
മെയ് 6 ന് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഏകദേശം 24 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയുടെ ശാരീരിക അവസ്ഥ നിലവിൽ കുഴപ്പമില്ലെങ്കിലും പീഡനത്തിന്റെ മാനസിക ആഘാതങ്ങളിൽ നിന്ന് മോചിതയായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ പല്ലുകൾ കൊണ്ടുള്ള മുറിവുകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു.
പ്രതി മുമ്പും സമാനമായ ഹീനമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മെയ് 6 ന് ഉച്ചയ്ക്ക് ശേഷം അന്ധേരിയ മോഡിലെ തൻ്റെ വീട്ടിലേക്ക് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഇയാൾ കൊണ്ടുപോവുകയായിരുന്നു. അധികൃതരുടെ പെട്ടെന്നുള്ള ഇടപെടലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനും ഇടയാക്കിയത്. എന്നാൽ പ്രതി മാനസിക സ്വഭാവത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്നയാളാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി പുറത്തുവന്നിട്ടുണ്ട്. ഇത് അന്വേഷണത്തിന് നിർണായകമാവും. അതേസമയം, ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

