മയക്കു മരുന്ന് കേസിൽ നടി ഹേമ അറസ്റ്റിൽ; നിരപരാധിയാണെന്ന് താരം

കർണാടക ഹെബ്ബഗോഡി‌‌യിൽ സംഘടിപ്പിച്ച നിശാപാർട്ടിയിലെ മയക്കുമരുന്ന് കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിൽ. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയിൽ ഹേമ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിലാണ് നിശാപാർട്ടി സംഘടിപ്പിച്ചത്.

സൺസെറ്റ് ടു സൺറൈസ് വിക്ടറി എന്ന പേരിൽ നടത്തിയ പാർട്ടിയിൽ തെലുങ്ക് സിനിമ താരങ്ങളും വ്യവസായികളും ഐടി ജീവനക്കാരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്സ് വിഭാഗവും പൊലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.

“ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ നിരപരാധിയാണ്. അവർ എന്നോട് എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. ഞാൻ മയക്കുമരുന്ന് കഴിച്ചിട്ടില്ല. ഞാൻ ആദ്യം വീഡിയോ പങ്കുവയ്ക്കുന്നത് ഹൈദരാബാദിൽ നിന്നാണ്, ബംഗളൂരുവിൽ നിന്നല്ല. ഹൈദരാബാദിലെ ഫാം ഹൗസിൽ നിന്ന് ബിരിയാണി പാചകം ചെയ്യുന്ന വീഡിയോ പോലും ഞാൻ പങ്കുവച്ചു”- പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവന്നതിന് ശേഷം ഹേമ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരോഗ്യനില മോശമായതിനാൽ അന്വേഷണത്തിന് സമയം നൽകണമെന്ന് നടി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഹിയറിങിന് ഹാജരാകാതിരുന്നതിനെ തുടർന്ന് മൂന്നാമത്തെ നോട്ടീസ് നൽകിയതിന് ശേഷം ജൂൺ മൂന്നിനാണ് നടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്നത്. ഇതിനിടെ മയക്കുമരുന്ന് കഴിച്ചിട്ടില്ലെന്ന് പറഞ്ഞ് വീ‍ഡിയോ ഉണ്ടാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും നടി ശ്രമിച്ചു.

103 പേർ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. പങ്കെടുത്തവരിൽ 73 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നു. റെയ്ഡിൽ എംഡിഎംഎ ഗുളികകൾ, എംഡിഎംഎ ക്രിസ്റ്റലുകൾ, കഞ്ചാവ്, കൊക്കെയ്ൻ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 86 പേർ മയക്കുമരുന്ന് കഴിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: