തിരുവനന്തപുരം: തേങ്ങയിടുന്നതിനിടെ ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പുതോട്ടി വാങ്ങി ടെറസിൽ നിന്നുകൊണ്ട് തേങ്ങയിട്ടു. തുടർന്ന് തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി മകളോടൊപ്പം ചെന്നൈയിൽ ആയിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരവാരം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ഇലക്ട്രിക് ലൈനുകൾ വളരെ താഴ്ന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു

