ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിനെ എസ്‌ഐ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. സംഭവത്തെ തുടര്‍ന്ന് കലേശ്വാരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി വി എസ് ഭവാനിസെന്‍ ഗൗഡിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വനിതാ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനം നടത്തിയ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ വിട്ടു.
കലേശ്വരം പദ്ധതിയുടെ ഭാഗമായ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പോലീസ് സ്‌റ്റേഷല്‍ ബില്‍ഡിങില്‍ ജൂണ്‍ 15ന് ആണ് സംഭവം നടന്നത്. റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയതായും 42കാരി വെളിപ്പെടുത്തി.
പരാതിയെ തുടര്‍ന്ന് എസ്‌ഐയുടെ റിവോള്‍വര്‍ പിടിച്ചെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
സംഭവത്തെ തുടര്‍ന്ന് എസ്‌ഐ മറ്റ് മൂന്ന് വനിതാ കോണ്‍സ്റ്റബിള്‍മാരെ ലൈംഗികമായി പീഡിപ്പിച്ച കാര്യവും പുറത്തുവന്നിട്ടുണ്ട്. അതീവ ഗുരുതര വിഷയമായതിനാല്‍ ഐജി എവി രംഗനാഥ് ഗൗഡിനെ ഉടന്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിടുകയായിരുന്നു.
2022 ജൂലൈയില്‍ ഗൗഡിനെതിരേ മറ്റൊരു ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് സഹായിക്കാനെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചതായായിരുന്നു പരാതി. സംഭവത്തെ തുടര്‍ന്ന് ഗൗഡിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് കലേശ്വരം പോലീസ് സ്‌റ്റേഷനില്‍ നിയമനം ലഭിക്കുകയായിരുന്നു.

