ആലപ്പുഴ: ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനംചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽനിന്ന് 7.65 കോടിരൂപ തട്ടിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോടു ജില്ലയിലെ കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂർ ഉള്ളാട്ടൻപ്രായിൽ പ്രവീഷ് (35), ചേവായൂർ ഈസ്റ്റ്വാലി അപ്പാർട്ട്മെന്റ് അബ്ദുൾസമദ് (39) എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു.പണംനഷ്ടപ്പെട്ട ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റും ചേർത്തല സ്വദേശിയുമായ ഡോ. വിനയകുമാറിന്റെ അക്കൗണ്ടിൽനിന്ന് പണംൈകപ്പറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. സംഭവവുമായി നേരിട്ടു ബന്ധമുള്ള മലയാളികളായ രണ്ടു സ്ത്രീകളടക്കം നാലുപേർ പോലീസ് നിരീക്ഷണത്തിലാണ്. തട്ടിപ്പുസംഘത്തിലെ ഇതര സംസ്ഥാനക്കാരായ പ്രധാനരെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
മലയാളികളുടെ സഹായത്തോടെ ഗുജറാത്ത്, ഝാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്നാണ് പോലീസിനു ലഭിച്ച വിവരം. സൈബർ സെല്ലിന്റെയും സാമ്പത്തിക വിദഗ്ധരുടെയും സഹായത്താൽ ബാങ്കുകളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഡോക്ടർദമ്പതിമാർ രണ്ട് അക്കൗണ്ടുകളിൽനിന്നായി രണ്ടുമാസത്തിനിടയിലാണ് 7.65 കോടി രൂപയും അയച്ചത്. പണമെത്തിയ വിവിധ സംസ്ഥാനങ്ങളിലെ ഏതാനും അക്കൗണ്ടുകൾ പോലീസ് ഇടപെട്ടു മരവിപ്പിച്ചിട്ടുണ്ട്. ഇൻവെസ്കോ, കാപിറ്റൽ, ഗോൾ ഡിമാൻസ് സാക്സ് എന്നീ കമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണു തട്ടിപ്പുസംഘം ഡോക്ടർമാരെ കുടുക്കിയത്.


