മലപ്പുറം പെരിന്തൽമണ്ണയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിൽ കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്,മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. പന്നിശല്യമുള്ളതിനാൽ രക്ഷനേടാൻ വയലിൽ സ്ഥാപിച്ച കമ്പിയിൽ നിന്നാണ് മുഹമ്മദ് അഷ്റഫിന് ഷോക്കേറ്റത്.
രാവിലെ പതിവുപോലെ കൃഷിയിടത്തിലേക്കിറങ്ങിയതാണ് മുഹമ്മദ് അഷ്റഫ്. ഏക്കർ കണക്കിന് വയലിലാണ് അഷ്റഫിന്റെ ചേന കൃഷി. ഉച്ച കഴിഞ്ഞിട്ടും അഷ്റഫ് തിരികെ വീട്ടിൽ എത്താതായതോടെ മകൻ മുഹമ്മദ് അമിനും മകളും തിരക്കി ഇറങ്ങി. പിതാവിനെ തിരക്കി മക്കൾ വയലിൽ എത്തിയപ്പോഴാണ് അഷ്റഫ് വയലിൽ വീണു കിടക്കുന്നത് കണ്ടത്. ഇതോടെ മുഹമ്മദ് അമീൻ പിതാവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഇതോടെ മുഹമ്മദ് അമീനും ഷോക്കേറ്റു വീണു. മകൾ ബഹളം വച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇരുവരെയും കൃഷിക്കായി വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ പുരക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾക്ക് സമീപത്തായി അഷ്റഫിന്റെ കൈക്കോട്ടും ചെരിപ്പും കണ്ടെത്തി. കൈക്കോട്ടിൽ ചുറ്റി വയലിൽ സ്ഥാപിച്ച വൈദ്യുത വേലിമുണ്ടായിരുന്നു. കൃഷിയുടെ വൃത്തിയാക്കുന്നതിനിടെ കൈക്കോട്ട് കൊണ്ട് വൈദ്യുത വേലിയിൽ സ്പർശിച്ചതോടെയാണ് അഷ്റഫിന് ഷോക്കേറ്റതെന്നാണ് പൊലീസിന്റെ നിഗമനം.
മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അതിനിടെ പെരിന്തൽമണ്ണ ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

