കൊച്ചി: തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും 13 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടയം എരുമേലി സ്വദേശി സുമിത്ത് എബ്രഹാമാണ് പിടിയിലായത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയാണ് ഹിൽ പാലസ് പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് സുമിത്ത് തൃപ്പൂണിത്തുറയിലെ ഒരു വീട്ടിൽ നിന്നും 13 പവൻ സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞത്.
മോഷണം നടത്തിയ വീട്ടിലെ ഡ്രൈവറായിരുന്നു പ്രതി. വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം താക്കോൽ സംഘടിപ്പിച്ചു അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
ഒഎൽഎക്സ് വഴിയാണ് വീട്ടിൽ ഡ്രൈവറെ ആവശ്യമുള്ള വിവരം പ്രതി അറിയുന്നത്. ഒരു മാസത്തോളമായുള്ള തിരച്ചിലിന് ഒടുവിലാണ് കുമളി ഭാഗത്ത് നിന്നും പ്രതിയെ പൊലിസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണത്തിന്റെ ഭൂരിഭാഗവും ഇയാൾ ധൂർത്തടിച്ചു കളഞ്ഞുവെന്ന് പൊലിസ് പറഞ്ഞു.

