വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല, പോലീസ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; 3 പേർ പിടിയിൽ



ഈരാറ്റുപേട്ട (കോട്ടയം): പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങൾ ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ലഹരിവിരുദ്ധ സ്ക്വാഡ് വാഹന പരിശോധന നടത്തിയിരുന്നു. അപ്പോൾ ഈരാറ്റുപേട്ടക്ക് സമീപം കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവർ സഞ്ചരിച്ചുവന്ന കാർ നിർത്താൻ പോലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ചു. എന്നാൽ ഇവർ വാഹനം നിർത്താതെ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇവർ വാഹനം ഇടിപ്പിച്ചതിൽ പോലീസ് വാഹനങ്ങൾക്ക് സാരമായ കേടുപാട് സംഭവിക്കുകയും പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്നെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. ജിജോ ജോർജിന് തൊടുപുഴ,തൃശ്ശൂർ ഈസ്റ്റ്, പോത്താനിക്കാട്, കാളിയാർ, കാഞ്ഞാർ, വാഴക്കുളം, കുന്നത്തുനാട്, കൊരട്ടി, കോതമംഗലം, മൂവാറ്റുപുഴ, മുട്ടം, മേലുകാവ്, വൈക്കം എന്നീ സ്റ്റേഷനുകളിലും ഷാനവാസ് യാക്കൂബിന് ഈരാറ്റുപേട്ട സ്റ്റേഷനിലും, അഭിലാഷ് രാജുവിന് കിടങ്ങൂർ, പീരുമേട് എക്സൈസ്, പാലാ എന്നീ സ്റ്റേഷനുകളിലും കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: