തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണം, സ്വര്‍ണം വാങ്ങാനെന്നെ വ്യാജേനേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി രജ്ഞിത്താണ് പിടിയിലായത്.
ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ആലുവയിലെ സ്വര്‍ണപ്പണിക്കാരായ ഷമീറിനെയും ബാസ്റ്റിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ തിരുവനന്തപുരം സ്വദേശികളായ നാല്‍വര്‍ സംഘം തൃശൂര്‍ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
മുറിക്കകത്തുവച്ച് സംസാരിക്കുന്നതിനിടെ സ്വര്‍ണത്തൊഴിലാളികളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം നാലംഗ സംഘം സ്വര്‍ണം കവര്‍ന്നു. അവിടെ എത്തിയ ശേഷമാണ് ഇവര്‍ മോഷ്ടാക്കളാണെന്ന് തൊഴിലാളികള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ലോഡ്ജില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പരിക്കേറ്റ ഇരുവരെയും തൃശൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് നഗരത്തില്‍ തിരച്ചിലാരംഭിച്ചു.

