തിരുവനന്തപുരം: കല്ലമ്പലത്തു കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നതിനിടെ ഡ്രൈവറേയും ടാങ്കർ ലോറിയും നാട്ടുകാർ പിടികൂടി. ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ കല്ലമ്പലം തട്ടുപാലത്താണ് സംഭവം. കഴിഞ്ഞ കുറേ നാളുകളായി കല്ലമ്പലത്തും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മലിന്യങ്ങളും ഹോട്ടൽ മലിന്യങ്ങളും തള്ളുക പതിവായിരുന്നു.
കല്ലമ്പലത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും പൊലീസിൽ പരാതികിട്ടിയിരുന്നു. രാത്രിയിൽ വാഹന പരിശോധന നടത്തുമ്പോൾ മാലിന്യങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ ലോറികൾ പരിശോധിക്കുമെങ്കിലും ആ സമയങ്ങളിൽ മാലിന്യങ്ങൾ പുറംതള്ളാത്തതു കാരണം നടപടിയെടുക്കാൻ കഴിയാറില്ല. അത് എറണാകുളത്തും തിരുവനന്തപുരത്തും സ്വീവേജ് ഫാമുകളിൽ കൊണ്ടുപോകുന്നു എന്നു പറഞ്ഞു ആണ് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നത്.
കക്കൂസ് മാലിന്യം ഹൈവേയുടെ പണി നടക്കുന്ന കടമ്പാട്ടുകോണം, ഫർമസി ജംഗ്ഷൻ, തട്ടുപാലം, പുതിയ ബൈപാസ്, ഇടവഴികൾ, വയലുകൾ എന്നിവടങ്ങളിലാണ് വ്യാപകമായി ഒഴുക്കുന്നത്. ഇത് മൂലം പരിസവാസികൾക്ക് പകർച്ചവ്യാധികൾ, അലർജികൾ, വയറിളക്കം ഛർദി എന്നീ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി തട്ടുപാലത്തു നാട്ടുകാർ സംഘടിച്ചു വാഹനം പിടിക്കാൻ രാത്രിയിൽ ഒളിച്ചിച്ചിരിക്കുക പതിവായിരുന്നു.
മൂന്ന് നാല് ദിവസം മുൻപ് രാത്രിയിൽ തട്ടുപാലത്തു ടാങ്കർ വാഹനം മാലിന്യം ഒഴുക്കുന്നത് കണ്ടു നാട്ടുകാർ വാഹനം പിന്തുടർന്നെങ്കിലും അമിത വേഗതയിൽ വാഹനം ചാത്തമ്പാറ ഭാഗത്തേക്ക് ഓടിച്ചു പോയതിനാൽ പിന്തുടർന്ന് പിടിക്കാൻ കഴിഞ്ഞില്ല. വാഹനത്തിന്റെ നമ്പർ സഹിതം കല്ലമ്പലം പൊലീസിൽ പരാതിനൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മാലിന്യം പൊതു വഴിയിൽ തള്ളിയതിന് വർക്കല പൊലീസ് കസ്റ്റഡിയിൽ ഉള്ള വാഹനത്തിന്റെ നമ്പർ ആണെന്ന് വ്യക്തമായി.
വാഹനത്തിന്റെ ഡ്രൈവറെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഓടിപ്പോയ ക്ലീനറിനായി അന്വേഷണം നടക്കുകയാണ്. വണ്ടിയുടെ രജിസ്റ്റർഡ് ഉടമസ്ഥൻ കായംകുളം സ്വദേശിനിയായ പുഷ്പമ്മ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ടാങ്കർ ലോറി കൊട്ടിയം സ്വദേശി റോബിന് വാടകയ്ക്ക് നൽകിയതാണെന്നും വ്യക്തമായി. ടാങ്കർ ലോറിയുടെ ഉടമയെയും ഇപ്പോൾ കൈവശക്കാരനായ റോബിനെയും പ്രതി ചേർക്കുമെന്ന് കല്ലമ്പലം പൊലീസ് സബ് ഇൻസ്‌പെക്ടർ എം സാഹിൽ അറിയിച്ചു. ഒന്നാം പ്രതി പൊലീസ് കസ്റ്റഡിയിലാണുള്ളത്. ടാങ്കർ ലോറി കോടതിക്ക് നൽകുമെന്നു കല്ലമ്പലം പോലീസ് അറിയിച്ചു.

